പ്രാചീന ഗുരുകുലങ്ങളുടെ സർഗാത്മകതയും പവിത്രതയും കാത്തുസൂക്ഷിക്കുന്ന വർത്തമാനകാലത്തിലെ ശ്രേഷ്ഠമായ ഗുരുകുലം വർഷങ്ങൾക്കു മുമ്പ്, അതായത് 1951-ൽ, ജ്യോതിഷ ശ്രേഷ്ഠനായ പെരുമാളുടെ ദിവ്യസാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ പയ്യന്നൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിക്കപ്പെട്ടു. ഭാരതത്തിൽ ജ്യോതിശ്ശാസ്ത്രപണ്ഡിതന്മാരിൽ അഗ്രഗാമിയായിട്ടുള്ള ഗണിതജ്യോതിഷ ചക്രവർത്തി ജ്യോതിർഭൂഷണം പണ്ഡിറ്റ് വി.പി.കെ. പൊതുവാളാണ് ഇതിന്റെ സ്ഥാപകൻ.
ജ്യോതിഷത്തിന്റെയും സംസ്കൃതത്തിന്റെയും പ്രചാരണവും ഗവേഷണവും മുന്നിൽ കണ്ടുകൊണ്ടാണ് ജ്യോതിസ്സദനം സ്ഥാപിക്കപ്പെട്ടത്. ഇന്ന് ഈ പ്രസ്ഥാനം പയ്യന്നൂരിലെ സാംസ്കാരിക പ്രവർത്തകരുടെ പ്രധാന സംഗമ കേന്ദ്രം കൂടിയാണ്. നാടൻ കലാ ഗവേഷണത്തിൽ ഏറെ ശ്രദ്ധ പതിപ്പിച്ചിട്ടുള്ള ഫോക്ലോർ ഫെല്ലോസ് ഓഫ് മലബാറിന്റെ മുഖ്യ കേന്ദ്രമായി പ്രവർത്തിക്കുന്നതും ഈ സ്ഥാപനം തന്നെ.
കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യകാലഘട്ടങ്ങളിൽ കേരളത്തിലെ പഞ്ചാംഗ ഗണിതത്തിന് കൃത്യതയാർന്ന പരിഷ്കരണം നടപ്പിലാക്കാൻ നേതൃത്വം നൽകിയത് ജ്യോതിസ്സദനമാണ്. നൂതനഗണിതത്തിന്റെ പ്രസക്തി മറ്റു പഞ്ചാംഗകർത്താക്കളെയും, പണ്ഡിതന്മാരെയും ബോധ്യപ്പെടുത്തി അതനുസരിച്ച് പഞ്ചാംഗം പ്രസിദ്ധീകരിക്കുവാൻ മുന്നോട്ട് ഇറങ്ങിയതും ജ്യോതിസ്സദനം തന്നെ. 'ശുദ്ധദൃഗ്ഗണിതം' എന്ന ഗ്രന്ഥം ഇതിന്റെ ഫലമായി പ്രകാശനം ചെയ്യപ്പെട്ടു. ജ്യോതിഷത്തിലെ സുപ്രീംകോർട്ട് എന്നാണ് ഈ സ്ഥാപനത്തെ പലരും വിശേഷിപ്പിക്കുന്നത്.
സ്ഥലം ശ്രീരാമ ഭഗവാന്റെ ജന്മം കൊണ്ട് ധന്യധന്യമായ അയോധ്യ. വർഷങ്ങൾക്ക് മുമ്പ് സരയുവിന്റെ തീരത്തുള്ളൊരു മഹാമണ്ഡപം ഭാരതത്തിലെ പ്രസിദ്ധരായ ജ്യോതിശാസ്ത്രജ്ഞന്മാരുടെയും, സംസ്കൃത പണ്ഡിതന്മാരുടെയും ഒരു മഹായോഗം നടക്കുന്നു. അവിടെ ഏകകണ്ഠമായ ഒരു തീരുമാനം ഉരുത്തിരിഞ്ഞു വന്നു. കേരളത്തിലെ ഉത്തരദേശത്തിൽ നിന്ന് പയ്യന്നൂരിൽ നിന്ന് ആ മഹായോഗത്തിൽ എത്തിച്ചേരാൻ കഴിയാതിരുന്ന വെറും 25 വയസ്സു മാത്രം പ്രായമുള്ള യുവാവിന് 'ജ്യോതിർ ഭൂഷണം' എന്ന ബഹുമതി നൽകാൻ തീരുമാനിക്കപ്പെടുന്നു. കേരളത്തിൽ നിന്ന് പയ്യന്നൂരിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് ലഭിച്ച ഏക ബഹുമതി.
പിന്നീട് മറ്റൊര അംഗീകാരം കൂടി. ഭാരതത്തിൽ നിന്നും പൊതുവായും കേരളത്തിന് പ്രത്യേകമായും പഞ്ചാംഗം നിർമ്മിക്കാൻ ജ്യോതിർഭൂഷണം വി.പി.കെ പൊതുവാളെ അധികാരപ്പെടുത്തുന്ന ഭാരത സർക്കാർ പണ്ഡിറ്റ് എന്ന ബഹുമതികൂടി ശ്രീ പൊതുവാളിന് നൽകുന്നു.