സ്ഥലം ശ്രീരാമ ഭഗവാന്റെ ജന്മം കൊണ്ട് ധന്യധന്യമായ അയോധ്യ. വർഷങ്ങൾക്ക് മുമ്പ് സരയുവിന്റെ തീരത്തുള്ളൊരു മഹാമണ്ഡപം ഭാരതത്തിലെ പ്രസിദ്ധരായ ജ്യോതിശാസ്ത്രജ്ഞന്മാരുടെയും, സംസ്കൃത പണ്ഡിതന്മാരുടെയും ഒരു മഹായോഗം നടക്കുന്നു. അവിടെ ഏകകണ്ഠമായ ഒരു തീരുമാനം ഉരുത്തിരിഞ്ഞു വന്നു. കേരളത്തിലെ ഉത്തരദേശത്തിൽ നിന്ന് പയ്യന്നൂരിൽ നിന്ന് ആ മഹായോഗത്തിൽ എത്തിച്ചേരാൻ കഴിയാതിരുന്ന വെറും 25 വയസ്സു മാത്രം പ്രായമുള്ള യുവാവിന് 'ജ്യോതിർ ഭൂഷണം' എന്ന ബഹുമതി നൽകാൻ തീരുമാനിക്കപ്പെടുന്നു. കേരളത്തിലെ പയ്യന്നൂരിന് വർഷങ്ങൾക്ക് മുൻപ് ലഭിച്ച ഏക ബഹുമതി.
പിന്നീട് മറ്റൊര അംഗീകാരം കൂടി. ഭാരതത്തിൽ നിന്നും പൊതുവായും കേരളത്തിന് പ്രത്യേകമായും പഞ്ചാംഗം നിർമ്മിക്കാൻ ജ്യോതിർഭൂഷണം വി.പി.കെ പൊതുവാളെ അധികാരപ്പെടുത്തുന്ന ഭാരത സർക്കാർ പണ്ഡിറ്റ് എന്ന ബഹുമതികൂടി ശ്രീ പൊതുവാളിന് നൽകുന്നു.
ജ്യോതിശാസ്ത്രത്തിലെ പരമോന്നതമായ ബഹുമതി അദ്ദേഹത്തെ തേടിയെത്തുന്നത് 1981 ലാണ്. ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രാങ്കണമാണ് രംഗം. അവിടെ സംസ്കൃത പണ്ഡിതന്മാരുടെയും ജ്യോതിഷ മഹാരഥന്മാരുടെയും അഖിലഭാരത സമ്മേളനം നടക്കുന്നു. ജ്യോതിർഭൂഷണം പണ്ഡിറ്റ് വി.പി.കെ പൊതുവാൾ സമ്മേളനം ഭാരവാഹിയാണ്. കാഞ്ചി കാമകോടിപീഠം ശ്രീ ശങ്കരാചാര്യസ്വാമികളുടെ സാന്നിധ്യം ആ മഹാ സമ്മേളനത്തിന് പ്രത്യേകമായ ഒരു പരിവേഷം നൽകി. 'പാരിനുള്ളടിക്കല്ല് പാർത്ത്കണ്ടവരായ' ഭാരതവർഷത്തിലെ പൂർവ്വരാം ഋഷ്യീശ്വരന്മാർ തങ്ങളുടെ നഗ്നനേത്രങ്ങളാൽ കണ്ടെത്തിയ ശാസ്ത്രീയ നിഗമനങ്ങൾ വ്യതിയാനങ്ങൾക്ക് വിധേയമാക്കരുതെന്നും, ആ പർണകുടീരങ്ങളിൽ നിന്ന് ലഭിച്ച അനർഘങ്ങളായ രത്നമണികളുടെ മാറ്റുരച്ചു നോക്കുന്നത് തികഞ്ഞ അപരാധമായിരിക്കുമെന്നും ശക്തിയുക്തം വാദിച്ച വി.പി.കെ പൊതുവാൾ ആ സദസ്സിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായി മാറി. അദ്ദേഹത്തിൻറെ വാദഗതികൾ അംഗീകരിക്കപ്പെടുകയും കാഞ്ചി കാമകോടിപീഠം ശ്രീ ശങ്കരാചാര്യ സ്വാമികളുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് അദ്ദേഹം പാത്രിഭൂതമാവുകയും ചെയ്തു. ശ്രീ സ്വാമികൾ വി.പി.കെ പൊതുവാളേ 'ഗണിത ജ്യോതിഷ ചക്രവർത്തി'യായി അഭിഷിക്തനാക്കി. പട്ടാംബരവും പതക്കമുദ്രയും അണിയിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആ മംഗള സംഭവങ്ങളെ കുറിച്ച് 1985ൽ നടത്തിയ പ്രശ്ന ചിന്ത സർവ്വജനസമ്മതമായിതീർന്നതിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ ദേവസ്വം 'ജ്യോതിഷതിലകം' എന്ന ബഹുമതിയാണ് അദ്ദേഹത്തിന് നൽകിയത്.
ശൃംഗേരി ശാരദാപീഠം മഠാധിപതി അഭിനവവിദ്യാതീർഥസ്വാമികളെ വർഷങ്ങൾക്ക് മുമ്പ് തന്റെ പ്രശ്നവിചാരത്താൽ ശ്രീ പൊതുവാൾ അത്ഭുതപരതന്ത്രനാക്കിതീർത്തിരുന്നു. സന്തുഷ്ടചിത്തനായി അദ്ദേഹം അണിയിച്ച 'ജ്ഞാനമുദ്ര' ജോതിഷ ചക്രവർത്തിയുടെ ശിരോലങ്കാരമായി പരിശോഭിക്കുന്നു.
ബിരുദങ്ങളും അംഗീകാരങ്ങളും ഒന്നിന് പിറകെ മറ്റൊന്നായി തേടിയെത്തുന്ന വി.പി.കെ പൊതുവാളിൽ ചെറുപ്പകാലത്ത് അസാധാരണത്വമൊന്നും ആരും കണ്ടിരുന്നില്ല. അന്നൂർ കാരയിൽ നിന്ന് പയ്യന്നൂരിലെ ഗാന്ധി മൈതാനത്തിന് തൊട്ടടുത്തുള്ള സ്ഥലം വിലക്കെടുത്ത് ജ്യോതിസ്സദനം പണിയിച്ചു താമസം മാറ്റിയതിനുശേഷമാണ് അദ്ദേഹം ഏറെ ശ്രദ്ധേയനായി മാറിയത്.
പ്രസിദ്ധ ജ്യോതിഷപണ്ഡിതൻ കാരിയിൽ കണ്ടമ്പത്ത് കുഞ്ഞമ്പു എന്ന രാമ പൊതുവാളുടെയും വണ്ണാടിയിൽ പുതിയവീട്ടിൽ ശ്രീദേവി അമ്മയുടെയും മൂന്ന് ആൺമക്കളിൽ രണ്ടാമനായി 1915 ഫെബ്രുവരി 14ന് ജനിച്ചു. സ്വപിതാവ് തന്നെ ആദ്യ ഗുരു. ജ്യോതിശാസ്ത്രത്തിൽ അഭിനിവേശം പകർന്നത് അച്ഛൻ തന്നെ. പണ്ഡിത പ്രകാണ്ഡമായിരുന്ന കരിപ്പത്ത് കമ്മാരൻ എഴുത്തച്ഛനിൽ നിന്നാണ് ഗണിതത്തിലുള്ള തന്റെ അവഗാഹം അരക്കിട്ടുറപ്പിച്ചത്. കമ്മാരനെഴുത്തച്ഛന്റെ ഭാഗിനേയനായ കരിപ്പത്ത് കുഞ്ഞിരാമനെഴുത്തച്ഛനിൽ നിന്ന് സംസ്കൃതവും തർക്ക വ്യാകരണാദികളും, കാവ്യനാടകാലങ്കാരാദികളും, പ്രശ്നമാർഗ്ഗവും അഭ്യസിച്ചു. ഗുരുപുത്രൻ യശശ്ശരീരനായ ശ്രീ എ.കെ കൃഷ്ണൻ മാസ്റ്റർ ജ്യോതിഷചക്രവർത്തിയുടെ സന്തതസഹചാരിയായതും വിജയസോപാനശില്പിയായതും പിന്നീടുള്ള കഥയാണ്.
സ്വസഹോദരങ്ങളും, മക്കളും, മക്കളുടെ മക്കളും, പേരക്കുട്ടികളും, ജാമാതാക്കളും മരുമക്കളുമടക്കം ശാകോപശാഖകളോടുകൂടിയ ഒരു വൻ കൽപ്പതരുവാണ് ഗണിത ജോതിഷചക്രവർത്തി ജ്യോതിർ ഭൂഷണം പണ്ഡിറ്റ് വി.പി.കെ പൊതുവാൾ.
പിതാവിന്റെ പാരമ്പര്യം അഭംഗുരം നിലനിർത്താൻ കഴിവുള്ള പ്രഗദ്ഭമതിയായ സദനം നാരായണൻ ജ്യോതിശാസ്ത്ര രംഗത്തെ ഒരധികായനാണ്. ഇന്നത്തെ തലമുറയിലെ ജ്യോതിഷാചാര്യന്മാരുടെ നിരയിലാണ് സദനം നാരായണന്നുള്ള സ്ഥാനം. നല്ലൊരു സംസ്കൃത പണ്ഡിതൻ, തികഞ്ഞ വാഗ്മി ഇതെല്ലാമാണ് നാരായണൻ.
ജ്യോതിഷത്തിൽ അവഗാഹമുള്ള ജഗദീശൻ പഞ്ചാംഗത്തിന്റെയും, കലണ്ടറിന്റെയും പ്രവർത്തനത്തിൽ സദനം നാരായണനെ സഹായിച്ചു വരുന്നു.
സ്വന്തം ഔരസപുത്രന്മാരെ പോലെ എഴുത്തച്ഛന്റെ സ്നേഹ വാത്സല്യങ്ങൾക്ക് പാത്രി ഭൂതനായ എ.വി. മാധവ പൊതുവാൾ, മാതൃ സഹോദരി പുത്രൻ കമ്മാരപ്പൊതുവാളുടെ മകനാണ്. ജ്യോതിശാസ്ത്രത്തിൽ തികഞ്ഞ അവഗാഹവും നിർണയത്തിൽ സൂക്ഷ്മതയും ഉള്ള എ.വി. മാധവ പൊതുവാളാണ് ദേവപ്രശ്നത്തിലും, അഷ്ടമംഗല്യ പ്രശ്നങ്ങളിലും അദ്ദേഹത്തെ അനുഗമിച്ചിരുന്നത്. സന്തതസഹചാരിയും സദാ പരിചരണോദ്യനുമായ മാധവനെ തന്റെ ഊന്നുവടിയായാണ് എഴുത്തച്ഛൻ വിശേഷിപ്പിക്കാറുള്ളത്. മാധവൻ ജ്യോത്സ്യരുടെ കർണാടക ഭാഷാ പരിജ്ഞാനം ജാതക പരിശോധനയ്ക്കും, പ്രശ്ന ചിന്തയ്ക്കും ജ്യോതിസദനത്തിലെത്തുന്ന കർണാടകക്കാർക്ക് വലിയൊരു ആശ്വാസമാണ്.
രംഗം തുംഗാനദീതീരം. ശങ്കരൻ സാന്നിധ്യം ചെയ്ത ശൃംഗേരിമഠം പല അനിഷ്ടങ്ങളും ദുശ്ശകുനങ്ങളും നിമിത്തം വിശ്വാസികളായ അഭ്യുദയാകാംക്ഷികളുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിന് മഠാധിപതി അഭിനവവിദ്യാതീർത്ഥ സ്വാമികൾ വഴങ്ങുകയും പ്രശ്ന ചിന്തക്ക് ഒരുങ്ങുകയും ചെയ്തു. പ്രാശ്നികൻ ഗണിത ജ്യോതിഷ ചക്രവർത്തി മൂന്നുമാസത്തിനുള്ളിൽ സ്വാമിജിയുടെ ഏറ്റവും അടുത്ത മൂന്നുപേർക്ക് മരണം സംഭവിക്കുമെന്ന് ജോത്സ്യര്‍ ഖണ്ഡിതമായി പ്രഖ്യാപിച്ചു. സ്വാമിജിയെ സംബന്ധിച്ചിടത്തോളം അടുത്തവരെന്ന വർഗ്ഗം ഉണ്ടോ? അതിനാൽ അസംഭവ്യം എന്ന് തന്നെ കരുതി.
ജ്യോത്സ്യര്‍ പറഞ്ഞ കാലപരിധിക്കുള്ളിൽ സ്വാമിജിയുടെ പ്രിയ ശിഷ്യനായ മൈസൂർ മഹാരാജാവ് തീപ്പെടുകയും തന്റെ പ്രൈവറ്റ് സെക്രട്ടറിയും മറ്റൊരു സേവകനും കാർ അപകടത്തിൽ മരണപ്പെടുകയും ചെയ്തു. സ്വാമികൾക്കുണ്ടായ അത്ഭുതവും ജ്യോതിഷ ചക്രവർത്തിയോട് തോന്നിയ ആദരവും സീമാതീതമായിരുന്നു. ജ്യോതിഷാചാര്യനെ സ്വർണ്ണ മെഡൽ അണിയിച്ചു ഹൃദയംഗമമായി ആദരിച്ചു.
ഗുരുവായൂരപ്പന്റെ തിരുസന്നിധിയിലാണ് മറ്റൊരു പ്രവചനം നടത്തിയത്. 1985ൽ ഭഗവത് സന്നിധിയിൽ പ്രശ്നം നടന്നു. ദേവൻറെ പട്ടുടയാട അടുത്തൊരുനാളിൽ അഗ്നിബാധയ്ക്ക് വിധേയമായിട്ടുണ്ടെന്ന് പ്രഖ്യാപിച്ചു. ജീവനക്കാർ അത് തീർത്തും നിഷേധിച്ചു. അസന്നിഗ്ധമായി വീണ്ടും അക്കാര്യം പറയുകയും സത്യം പറയണമെന്ന് നിർബന്ധിക്കുകയും ചെയ്തപ്പോൾ ഭക്തനായ ഒരു ദൃക്സാക്ഷി രംഗത്തെത്തി. നിഷേധിച്ചവർ മൗനികളായി. എഴുത്തച്ഛന്റെ സാന്ത്വനോക്തികൾ അവർക്ക് ആശ്വാസമരുളി.
ഭാരതത്തിലെ മിക്ക പുണ്യ ക്ഷേത്രങ്ങളിലും അദ്ദേഹം കുടുംബസമേതം ദർശനം നടത്തിയിട്ടുണ്ട്. ഒരിക്കൽ ശബരിമലയിൽ ചെന്ന് സ്വാമി അയ്യപ്പനെ ദർശിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു. അക്കാലത്ത് ദുഷ്കരമാണെന്നറിഞ്ഞുകൊണ്ട്തന്നെ അതിനൊരുങ്ങി. അന്നത്തെ മേൽശാന്തിയും കരിവെള്ളൂർ സ്വദേശിയുമായ ബ്രഹ്മശ്രീ കെ.സി നാരായണൻ നമ്പൂതിരിയുടെ ശ്ലാഘനീയമായ സേവനം അക്കാര്യത്തിൽ ലഭിക്കുകയും തുലാമാസത്തിലെ സംക്രമ ദിനത്തിൽ ഭഗവത്ദർശനം നിർവിഘ്നം നടക്കുകയും ചെയ്തു. ജീവിതത്തിലെ വലിയൊരു ആഗ്രഹത്തിന്റെ സാക്ഷാത്കാരം നേടി തിരിച്ചെത്തി.
ഉത്തര കേരളത്തിലെ വിശിഷ്യ പയ്യന്നൂരിലെ സാമൂഹ്യ സാംസ്കാരിക ആധ്യാത്മിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സർവ്വാദരണീയനായ വ്യക്തി. ഏതു സംരംഭങ്ങൾക്കും വലിയ സംഭാവന നൽകുന്ന ഉദാരത, പണപ്പിരിവിന്റെ തുടക്കം ജ്യോതിസ്സദനത്തിലായാൽ അതിന് മാറ്റ് കൂടുമെത്രേ. ആർഷവും നവീനവുമായ എല്ലാത്തിനോടും ആഭിമുഖ്യം. ഗുരുകുല വിദ്യാഭ്യാസവും ഇംഗ്ലീഷ് വിദ്യാഭ്യാസവും വേണമെന്ന് ശഠിക്കുന്ന മനുഷ്യൻ സംസ്കൃതത്തിന്റെയും ജ്യോതിഷത്തിന്റെയും പാരമ്പര്യം കെടാതെ സൂക്ഷിക്കാൻ തന്റെ കൺമുന്നിൽ നിത്യവും കാണത്തക്ക രീതിയിലാണ് സംസ്കൃത ജ്യോതിഷ പാഠശാല സ്വന്തം ചെലവിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചത്. പണ്ട്മുതൽക്കേ തന്നെ രാഷ്ട്രീയ കളരിയിലെ അതികായന്മാരും, ആധ്യാത്മിക ആചാര്യന്മാരും, പ്രശസ്ത വ്യക്തിത്വങ്ങളും പലപ്പോഴായി ജ്യോതിസ്സാദനത്തിലെ സ്നേഹോഷ്മളമായ ആദിഥ്യം സ്വീകരിച്ചിട്ടുണ്ട്.
ചിന്തകനും, എഴുത്തുകാരനുമാണ് ഗണിത ജ്യോതിഷ ചക്രവർത്തി. ജ്യോതിശാസ്ത്രരംഗത്തെ ഏറ്റവും വലിയ സംഭാവനയാണ് അദ്ദേഹത്തിൻറെ 'ശുദ്ധദൃഗ്ഗണിതം'. അതിലെ ശാസ്ത്രീയാപഗ്രഥനം വിമർശന ബുദ്ധി മാത്രമുള്ളവർക്ക് പോലും അംഗീകരിക്കാതിരിക്കാനാവില്ല. 'ഭാഷാഗോചരഫല'വും, 'സൂക്ഷ്മദൃഗ്ഗണിതസോപാനവും', 'സൗന്ദര്യഛായയും' അനർഘങ്ങളായ മറ്റു സംഭാവനകൾ ആണ്. പത്രമാസികകളിലും സ്മരണികകളിലും പ്രസിദ്ധീകൃതങ്ങളായ ആനുകാലിക ലേഖനങ്ങൾ ഒട്ടുവളരെയുണ്ട്.
'പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി സുപ്രഭാതം', 'കാർത്തികേയം', 'ശബരിഗിരീശസ്തവം' എന്നിവയും രചനകളാണ്.
ജ്യോതിഷ ലോകത്തിന് നികത്താനാവാത്ത വിടവ് സൃഷ്ടിച്ചുകൊണ്ട്, 2008-ൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.