ഗുരുകുലം

ഗുരുകുല വിദ്യാഭ്യാസവും ഇംഗ്ലീഷ് വിദ്യാഭ്യാസവും വേണമെന്ന് ശഠിക്കുന്ന മനുഷ്യൻ. സംസ്കൃതത്തിന്റെയും ജ്യോതിഷത്തിന്റെയും പാരമ്പര്യം കെടാതെ സൂക്ഷിക്കാൻ തന്റെ കൺമുന്നിൽ നിത്യവും കാണത്തക്ക രീതിയിലാണ് സംസ്കൃത ജ്യോതിഷ പാഠശാല സ്വന്തം ചെലവിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചത്.

വിപുലമായൊരു ശിഷ്യ സമ്പത്ത് ജ്യോതിസ്സദനത്തിനുണ്ട്. ജ്യോതിഷ സംസ്‌കൃത വിഷയങ്ങളിൽ അഗാധ പാണ്ഡിത്യം നേടിയ അവർ ജ്യോതിഷവൃത്തിയിൽ ഏർപ്പെട്ടുവരുന്നു. സൗജന്യമായ ഗുരുകുല വിദ്യാഭ്യാസമാണിവിടെ ലഭിക്കുന്നത്. വിദ്യാർത്ഥികൾക്ക് സ്വയം പഠനത്തിന് അവസരമൊരുക്കുന്നുണ്ടിവിടെ. സിദ്ധാന്ത പഠനത്തിന് പുറമെ പ്രായോഗിക പരിജ്ഞാനവും വിദ്യാർത്ഥികൾക്കിവിടെനിന്നു ലഭിക്കുന്നു. ജ്യോതിസ്സദനത്തിൽനിന്നും വിദ്യ നേടി പുറത്തിറങ്ങിയ വിദ്യാർത്ഥികൾ ജ്യോതിഷത്തിനു പുറമെ സംസ്‌കൃതത്തിലെ ശാസ്ത്ര സാഹിത്യ മേഖലകളിലും പ്രാവീണ്യം നേടിയിരിക്കും. സംസ്കൃതം പ്രാരംഭം കോവിദ്, അധ്യാപക പരീക്ഷ തുടങ്ങിയ കോഴ്‌സുകളുടെയെല്ലാം അധ്യാപനം ജ്യോതിസ്സദനത്തിൽ നിന്നും നടത്തിവന്നിരുന്നു. യശശ്ശരീരരായ വിദ്വാൻ എ.കെ. കൃഷ്ണൻ മാസ്റ്റർ വ്യാകരണ ശിരോമണി ഓ.കെ. മുൻഷി എന്നിവർ ചിരകാലം ഇവിടെ അധ്യാപകരായിരുന്നു. ശ്രീ സദനം നാരായണൻ ശ്രീ. എ. വി. മാധവ പൊതുവാൾ, ശ്രീ പി. ജഗദീശൻ, ശ്രീ. പി. മാധവൻ തുടങ്ങിയവരാണ് ഇപ്പോൾ ഇവിടെ അധ്യാപകരായിട്ടുള്ളത്.